ഒരു രാജ്യത്തെ വിലയിരുത്തേണ്ടത് അവിടത്തെ പോലീസിന്റെ ഗുണനിലവാരം നോക്കിയാകണമെന്ന് അഭിപ്രായപ്പെട്ട പ്രധാനമന്ത്രിയായിരുന്നു ജവാഹര്‍ലാല്‍ നെഹ്രു. ഇന്ത്യയിലെ ജനങ്ങളും പോലീസും ക്രിമിനല്‍ സമ്പ്രദായം സംബന്ധിച്ച തങ്ങളുടെ പഴയ നിലപാട് മാറ്റണമെന്ന് സ്വാതന്ത്ര്യത്തിന്റെ ആദ്യനാളുകളില്‍ത്തന്നെ ആഭ്യന്തരമന്ത്രി സര്‍ദാര്‍ പട്ടേലും ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ സ്വതന്ത്ര ഇന്ത്യ അതിന്റെ മുന്നോട്ടുള്ള പ്രയാണത്തില്‍ ആറു പതിറ്റാണ്ടുകള്‍ പിന്നിട്ടിട്ടും ഇപ്പോഴും നമ്മുടെ പോലീസ് സംവിധാനത്തിന്റെ അലകിനും പിടിക്കുമല്ലാതെ ശരിയായ വായ്ത്തലയ്ക്കു കാര്യമായ മാറ്റമൊന്നുമുണ്ടായിട്ടില്ല. പോലീസധിഷ്ഠിത ക്രിമിനല്‍ വ്യവസ്ഥ നേരിടുന്ന ഗുരുതരമായ വെല്ലുവിളികളിലൊന്നിതാണ്.
പഞ്ചാബ് പ്രശ്‌നം പരിഹരിക്കുന്നതില്‍ മികവുകാട്ടിയ പോലീസ് മേധാവി കെ.പി.എസ്. ഗില്‍ തന്റെ അനുഭവങ്ങള്‍ അടിസ്ഥാനമാക്കി ഇന്ത്യന്‍ പോലീസിനെ വിലയിരുത്തിയതിപ്രകാരമാണ്- ''വര്‍ധിച്ചുവരുന്ന രാഷ്ട്രീയവത്കരണം പോലീസിന്റെ വിശ്വാസ്യത ചോര്‍ത്തുന്നു. ദൗര്‍ഭാഗ്യവശാല്‍ ഇന്ന് പോലീസ്, രാഷ്ട്രീയ സംവിധാനത്തിന്റെ ഒരു ആശ്രിത അനുബന്ധഘടകം മാത്രമായി മാറിയിരിക്കുന്നു.'' 21-ാം നൂറ്റാണ്ടിലെ സാങ്കേതിക വിദ്യകളും നൂതന സംവിധാനങ്ങളും ക്രിമിനല്‍ കുറ്റങ്ങള്‍ക്ക് അരങ്ങും അണിയറയുമൊരുക്കുമ്പോള്‍ അതിനെ നേരിടേണ്ട പോലീസ് 19-ാം നൂറ്റാണ്ടിന്റെ മാനസികാവസ്ഥയും 20-ാം നൂറ്റാണ്ടിന്റെ സജ്ജീകരണങ്ങളും കൈമുതലാക്കി പ്രതിരോധം തീര്‍ക്കേണ്ട ഗതികേടിലാണുള്ളത്. കേരളം ക്രൈംനിരക്കില്‍ ഒന്നാം സ്ഥാനത്ത് എത്തിപ്പെടാനും ഗുരുതരമായ കുറ്റകൃത്യങ്ങളുടെ പിടിയില്‍പ്പെട്ട് ആധിയും വ്യാധിയും പേറുന്നതും പോലീസിനെ കാലോചിതമായി പരിഷ്‌കരിക്കാത്തതുകൊണ്ടുകൂടിയാണ്. ധനശക്തിക്കും രാഷ്ട്രീയശക്തിക്കും കീഴടങ്ങി പോലീസ് നിഷ്പക്ഷനീതി ഉപേക്ഷിച്ച് മുനയൊടിയാത്ത മൂന്നാംമുറ ഇപ്പോഴും അവലംബിക്കുകയുമാണ്. പോലീസിന് തൊഴില്‍സ്വാതന്ത്ര്യം നല്‍കാന്‍ ഇനി അമാന്തിച്ചുകൂടാ.
''ഇന്ത്യയില്‍ നടക്കുന്ന അറസ്റ്റുകളില്‍ 60 ശതമാനവും അനാവശ്യമോ അനധികൃതമോ ആണ്. അറസ്റ്റധികാരം പോലീസിന് അഴിമതിക്കുള്ള സ്രോതസ്സാണ്.'' ഇന്ത്യന്‍ പോലീസ് കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിട്ടുള്ള ഈ വസ്തുത യോഗീന്ദര്‍സിങ് കേസില്‍ സുപ്രീംകോടതി അംഗീകരിച്ചിട്ടുള്ളതാണ്. ഇന്ത്യന്‍ ഭരണഘടന 141-ാം അനുച്ഛേദമനുസരിച്ച് സുപ്രീംകോടതി അംഗീകരിച്ച വസ്തുതകള്‍ കീഴ്‌ക്കോടതികള്‍ ഉള്‍പ്പടെ രാജ്യത്തിനാകമാനം ബാധകമാണ്. എന്നാല്‍, അറസ്റ്റും ജാമ്യവും പരിഗണിക്കവേ പൊതുവേ കോടതികള്‍ ഇത്തരം യാഥാര്‍ഥ്യങ്ങള്‍ വേണ്ടത്ര കണക്കിലെടുക്കുന്നതായി കാണുന്നില്ല. അസാധാരണ ഘട്ടങ്ങളിലല്ലാതെ കേസന്വേഷണത്തില്‍ കോടതിയും കുറ്റപത്രം നല്‍കിയശേഷം കേസില്‍ പോലീസും ഇടപെടുന്നത് ക്രിമിനല്‍ നടപടിക്രമം നിരുത്സാഹപ്പെടുത്തിയിട്ടുള്ളത് പോലീസും കോടതിയും പരസ്പരപൂരകങ്ങളല്ലാത്തതുകൊണ്ടാണ്.
ഇന്ത്യയില്‍ നിലവിലുള്ള പോലീസ് സംവിധാനം അടിമുടി മാറ്റിയെഴുതി നവീകരിക്കണമെന്നുള്ളത് ഇന്ത്യന്‍ പോലീസ് കമ്മീഷന്റെ പ്രധാന ശുപാര്‍ശയായിരുന്നു. പോലീസിന്റെ മേല്‍ ഭരണ-രാഷ്ട്രീയ ഇടപെടല്‍ ഒഴിവാക്കി അവര്‍ക്ക് തൊഴില്‍ സ്വാതന്ത്ര്യം നല്‍കി നിയമവാഴ്ച ശക്തവും ഫലപ്രദവുമാക്കാന്‍ വേണ്ട നിര്‍ദേശങ്ങളായിരുന്നു കമ്മീഷന്‍ മുന്നോട്ടുവെച്ചത്. ഇത് നടപ്പാക്കിക്കിട്ടാനായി അവാര്‍ഡ് ജേതാക്കളായ രണ്ട് ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ സുപ്രീംകോടതി മുമ്പാകെ നീണ്ട നിയമയുദ്ധം നടത്തിയിരുന്നു. പ്രസ്തുത വ്യവഹാരമാണ് പ്രകാശ്‌സിങ് കേസ് എതിര് സര്‍ക്കാര്‍ എന്നറിയപ്പെടുന്ന സുപ്രീംകോടതി വിധി പ്രഖ്യാപനത്തിനിടയാക്കിയത്. പ്രസ്തുത വിധിയില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ക്ക് പോലീസ് പരിഷ്‌കരണത്തിന് പരമോന്നത നീതിപീഠം അന്ത്യശാസനം നല്‍കിയിരുന്നു. ഇതനുസരിച്ച് 2007 ജനവരി ഒന്നിനുള്ളില്‍ പോലീസിനെ രാഷ്ട്രീയവിമുക്തമാക്കി തൊഴില്‍ സ്വാതന്ത്ര്യം നല്‍കണമെന്ന് നിഷ്‌കര്‍ഷിച്ചിരുന്നു. എന്നാല്‍, ഇന്ത്യയില്‍ ഒരു സംസ്ഥാനത്തും പ്രസ്തുത സുപ്രീംകോടതി വിധി പൂര്‍ണമായിനടപ്പാക്കുകയോ നിര്‍ദേശിച്ച രൂപത്തിലുള്ള നിയമനിര്‍മാണം നടത്തുകയോ ഉണ്ടായിട്ടില്ല.

വിശ്വാസ്യതയ്ക്ക് മങ്ങലേല്‍ക്കുന്നു
1946-ലെ ഡല്‍ഹി പോലീസ് എസ്റ്റാബ്ലിഷ്‌മെന്റ് ആക്ട് പ്രകാരം രൂപവത്കരിച്ച സി.ബി.ഐ. പ്രധാന ക്രിമിനല്‍ കേസുകള്‍ അന്വേഷിക്കാന്‍ തുടങ്ങിയതോടെ രാജ്യത്ത് ഒരു മെച്ചപ്പെട്ട നല്ല പോലീസ് സംവിധാനം ഉയര്‍ന്നുവരികയാണുണ്ടായത്. ക്രിമിനല്‍ നീതിയുടെ നടത്തിപ്പില്‍ നിഷ്പക്ഷവും നീതിപൂര്‍വകവുമായി കുറ്റാന്വേഷണം നീങ്ങുമെന്ന വിശ്വാസമാര്‍ജിക്കാന്‍ സി.ബി.ഐ.ക്ക് പലപ്പോഴും കഴിഞ്ഞിട്ടുണ്ട്. എന്നാല്‍, സി.ബി.ഐ.യുടെ വിശ്വാസ്യതയ്ക്ക് മങ്ങലേല്‍ക്കുന്ന നിരവധി സംഭവങ്ങള്‍ക്ക് സാക്ഷ്യം വഹിക്കേണ്ടിവരുന്ന ദുഃസ്ഥിതി അടിക്കടി ഉണ്ടാവുകയാണ്. 2 ജി സ്‌പെക്ട്രം അഴിമതി, കോമണ്‍വെല്‍ത്ത് കുംഭകോണം തുടങ്ങി ഗുരുതരമായ പല കേസുകളിലും സുപ്രീംകോടതിയുടെ കര്‍ശന നിലപാടുകള്‍ ഉണ്ടായിരുന്നില്ലെങ്കില്‍ അന്വേഷണം വഴിമുട്ടിപ്പോകുമെന്ന നിലയില്‍ സി.ബി.ഐ. കാര്യങ്ങള്‍ കൈകാര്യം ചെയ്യാന്‍ പാടില്ലായിരുന്നു.
കൊലക്കേസുകളിലും മറ്റും സി.ബി.ഐ. അന്വേഷണത്തിനുവേണ്ടി രാജ്യത്ത് ഏറ്റവും കൂടുതല്‍ മുറവിളി ഉയരുന്ന സംസ്ഥാനം കേരളമാണ്. എന്നാല്‍, സി.ബി.ഐ. നിലപാടിന്റെ ദുരന്തംപേറി നീതി നിഷേധത്തിന് ഏറ്റവും കൂടുതല്‍ വിധേയമായ സംസ്ഥാനം കൂടിയാണ് കേരളം. സി.ബി.ഐ. കേരളത്തില്‍ ആദ്യമായി അന്വേഷിച്ച പ്രധാന കൊലക്കേസായ സോമന്‍ കേസ്, അഴിമതിക്കേസായ എം.കെ.കെ. നായര്‍ കേസ്, രാജന്‍പിള്ളയുടെ ദുരന്തമരണം എന്നിവ നീതി നിഷേധത്തിന്റെ ദുരന്തസ്മൃതികളായി ഇന്നും നമുക്കിടയില്‍ അവശേഷിക്കുന്നു. കേസ് വിചാരണയില്‍ പ്രോസിക്യൂഷനെ കൂടുതലായി കോടതി അവലംബിക്കുന്ന പ്രവണത വര്‍ധിച്ചുവരുന്ന കാലഘട്ടമാണിത്. എന്നാല്‍, സോമന്‍കേസിലും എം.കെ.കെ. നായര്‍ കേസിലും ന്യായാധിപ സമൂഹം കൂടുതല്‍ ജാഗ്രതയും നിയമാധിഷ്ഠിത നീതിബോധവും ഉറപ്പിച്ചതുകൊണ്ടാണ് നീതിയുടെ പെന്‍ഡുലം ഇവിടെ നേര്‍സൂചിയില്‍ ഉറച്ചു നില്‍ക്കുന്നത്.
പാനൂര്‍ പോലീസ് സ്റ്റേഷനകത്തുവെച്ച് വെടിയേറ്റു മരിച്ച സബ് ഇന്‍സ്‌പെക്ടര്‍ സോമന്റെ മരണം ആത്മഹത്യയോ നരഹത്യയോ എന്ന പ്രശ്‌നം കത്തിനില്‍ക്കവേയാണ് കേസ് സി.ബി.ഐ.ക്ക് കൈമാറിയത്. സംഭവത്തിലെ ഏക ദൃക്‌സാക്ഷിയുടെ ആദ്യഘട്ട തെളിവ് എസ്.ഐ. സ്വയം വെടിവെച്ചുവെന്നായിരുന്നു. എന്നാല്‍, സി.ബി.ഐ. മൂന്നാംമുറ പ്രയോഗിച്ചുവെന്നും അതുവഴി നരഹത്യ കണ്ട സാക്ഷിയാക്കി ഇയാളെ മാറ്റിയെന്നും ആരോപിക്കപ്പെട്ടിരുന്നു. വിചാരണക്കോടതി രണ്ടുപ്രതികളെ വിട്ടയയ്ക്കുകയും മറ്റുള്ളവരെ ജീവപര്യന്തം തടവിന് ശിക്ഷിക്കുകയും ചെയ്തു. അപ്പീല്‍ പരിഗണിച്ച ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചില്‍ ഒരു ജഡ്ജി മുഴുവന്‍ പ്രതികളെയും കുറ്റക്കാരല്ലെന്ന് കണ്ട് വിട്ടയയ്ക്കാന്‍ വിധിച്ചു. എന്നാല്‍, മറ്റേ ജഡ്ജി വിട്ടയയ്ക്കപ്പെട്ട പ്രതികള്‍ ഉള്‍പ്പെടെ എല്ലാവരെയും കുറ്റക്കാരാണെന്ന് കണ്ടെത്തുകയും പ്രധാന പ്രതികളുടെ ശിക്ഷ വധശിക്ഷയാക്കി വര്‍ധിപ്പിക്കുകയും ചെയ്തു. വിചിത്രവും പരസ്പരവിരുദ്ധവുമായ ഡിവിഷന്‍ ബെഞ്ച് വിധി ജസ്റ്റിസ് കെ.ടി. തോമസ് നേതൃത്വം നല്‍കുന്ന മൂന്നംഗ ബെഞ്ചിലേക്ക് റഫര്‍ ചെയ്യപ്പെടുകയും പ്രതികള്‍ക്ക് സംശയത്തിന്റെ ആനുകൂല്യം നല്‍കി പ്രസ്തുത ബെഞ്ച് വിട്ടയയ്ക്കുകയുമാണുണ്ടായത്.
പിന്നീട് സുപ്രീംകോടതി ജഡ്ജിയായി അടുത്തൂണ്‍ പറ്റിയ ജസ്റ്റിസ് കെ.ടിതോമസ് തന്റെ ജീവചരിത്രഗ്രന്ഥമായ 'സോളമന്റെ തേനീച്ചയില്‍' സോമന്‍ കേസിനെക്കുറിച്ച് പരാമര്‍ശിച്ചിട്ടുണ്ട്. വിധി പ്രഖ്യാപിച്ചതിനുശേഷം ഒരു ഗാര്‍ഡന്‍ പാര്‍ട്ടിയില്‍വെച്ച് തന്നോട് പ്രതിഭാഗം വക്കീല്‍ സോമന്‍ ആത്മഹത്യ ചെയ്തതാണെന്ന് ഉറപ്പിച്ചു പറഞ്ഞുവെന്നും അടുത്തുണ്ടായിരുന്ന പ്രസ്തുത കേസിലെ സ്‌പെഷല്‍ പ്രോസിക്യൂട്ടര്‍ ഈ വസ്തുത ശരിയാണെന്ന് സമ്മതിച്ചതായുമാണ് ജസ്റ്റിസ് തോമസ് എഴുതിയിട്ടുള്ളത്. ''കുറ്റമാരോപിക്കപ്പെടുന്നവരെ കുറ്റക്കാരാണെന്ന് മുദ്രകുത്തിക്കൊണ്ടുള്ള ഒരുവിധി പ്രഖ്യാപിച്ചതിന് ശേഷമാണ് മേല്‍പ്പറഞ്ഞ കാര്യങ്ങളെല്ലാം അറിയാനിടയായിരുന്നതെങ്കില്‍ പിന്നീട് ഒരു നിമിഷം ഞാന്‍ ജഡ്ജിയായി തുടരില്ലായിരുന്നുവെന്നും ഞാന്‍ കുഞ്ഞിരാമനോട് പറഞ്ഞുവെന്നും'' അദ്ദേഹം എഴുതിയിട്ടുണ്ട്. കുറ്റാന്വേഷണ ഏജന്‍സി കുറ്റാരോപിതന് ശിക്ഷ വാങ്ങിക്കൊടുക്കാന്‍ വേണ്ടി ഏത് മാര്‍ഗവും സ്വീകരിക്കുന്നതിന്റെ അപകടമാണ് ജസ്റ്റിസ് കെ.ടി.തോമസിന്റെ ഇക്കാര്യത്തിലുള്ള വ്യക്തിഗത അനുഭവം നല്‍കുന്ന ഗുണപാഠം.
ദുഃഖകരമായ വേട്ടയാടല്‍
നമ്മുടെ രാജ്യം കണ്ട പ്രതിഭാശാലികളായ ഉദ്യോഗസ്ഥരുടെ പട്ടികയില്‍ മുഴച്ചുനിന്ന ഐ.എ.എസ്സുകാരനായ മലയാളി എം.കെ.കെ.നായരുടെ പതനകഥയിലും വില്ലന്റെ റോള്‍ സി.ബി.ഐ.ക്കുള്ളതാണ്. പ്രശംസാവാക്കുകളുപയോഗിക്കുന്നതില്‍ പിശുക്കുകാട്ടിയിട്ടുള്ള മുന്‍ മുഖ്യമന്ത്രി സി. അച്യുതമേനോന്‍പോലും ''വൈവിധ്യത്തിലൂന്നിയ പ്രതിഭയെന്ന്'' വിശേഷിപ്പിച്ച എം.കെ.കെ. നായര്‍ക്ക് കേന്ദ്ര കാബിനറ്റ് സെക്രട്ടറി പദവി നഷ്ടപ്പെട്ടതും ക്രൂരമായി വേട്ടയാടപ്പെട്ടതും രണ്ട് സി.ബി.ഐ. കേസുകള്‍ മൂലമായിരുന്നു. ആദ്യ കേസ്സില്‍ വിധി പറഞ്ഞ സി.ബി.ഐ. കോടതി ജഡ്ജി എലിസബത്ത് മത്തായി ഇടിക്കുള ''ഭ്രാന്തവും വന്യവുമായ ആരോപണങ്ങള്‍ പ്രഥമവിവര റിപ്പോര്‍ട്ടില്‍ വ്യാജമായിട്ടുണ്ടാക്കി കള്ള സാക്ഷികളെ ഹാജരാക്കി ഏത് മാര്‍ഗത്തിലെങ്കിലും നിരപരാധിയായ പ്രതിയെ ശിക്ഷിപ്പിക്കുവാന്‍ സി.ബി.ഐ. ദുര്‍വാശി കാട്ടുകയായിരുന്നു'' എന്ന് വ്യക്തമായി വിധിന്യായത്തില്‍ എഴുതിയിട്ടുണ്ട്. മറ്റേ കേസില്‍ വിധിപറഞ്ഞ ജഡ്ജി വി.കെ.ഭാസ്‌കരന്‍ സി.ബി.ഐ. കൃത്രിമമായി തെളിവുണ്ടാക്കുകയും വസ്തുനിഷ്ഠമായ തെളിവുകള്‍ മറച്ചുവെക്കുകയും ചെയ്തതിനെ നിശിതമായി വിമര്‍ശിച്ചുകൊണ്ടാണ് പ്രതിയെ വിട്ടയച്ചത്. രാജ്യത്തെ ഉന്നതമായ ഉദ്യോഗതല പദവി ലഭിക്കേണ്ട ഒരാളെ തകര്‍ത്ത് അതില്ലാതാക്കിയ കുറ്റം സി.ബി.ഐ.യില്‍ ആരോപിക്കാനും പ്രസ്തുത ജഡ്ജി വിധിന്യായത്തില്‍ ഇടം കണ്ടെത്തിയിരുന്നു. സി.ബി.ഐ.ക്കെതിരെ കോടതികള്‍ നടത്തിയ ഈ എതിര്‍ പരാമര്‍ശങ്ങള്‍ നിക്കം ചെയ്യപ്പെടാതെ ശാശ്വതമായിത്തീര്‍ന്നിട്ടുള്ളവയാണ്.
അന്താരാഷ്ട്ര നിലവാരത്തില്‍ ശ്രദ്ധേയനായ രാജന്‍പിള്ളയെന്ന മലയാളി ബിസിനസ്സുകാരന്റെ തിഹാര്‍ ജയിലില്‍ വെച്ചുള്ള ദാരുണഅന്ത്യത്തിന് കോടതിയിപ്പോള്‍ നഷ്ടപരിഹാരം വിധിച്ചിരിക്കയാണ്. സിംഗപ്പൂര്‍ കോടതി അദ്ദേഹത്തിന് സാമ്പത്തിക ക്രമക്കേടിന്റെ പേരില്‍ തടവുശിക്ഷ വിധിച്ചുവെങ്കിലും ഇന്ത്യയില്‍ ഒരു കുറ്റംപോലുമാകാത്ത കാര്യങ്ങളായിരുന്നു അദ്ദേഹത്തിനെതിരെ ആരോപിക്കപ്പെട്ടിരുന്നത്. എന്നാല്‍, പ്രസ്തുത തടവ് ഫലത്തില്‍ ഇന്ത്യയില്‍ വധശിക്ഷയായി രാജന്‍പിള്ളയെ കീഴടക്കുകയായിരുന്നു. അതാണ് തിഹാര്‍ ജയിലിലുണ്ടായത്. കലശലായ രോഗമുള്ള രാജന്‍പിള്ളയ്ക്കു വേണ്ടി ചികിത്സ ലഭിക്കാന്‍ ഹര്‍ജി ഫയലാക്കി വാദിച്ചപ്പോള്‍ അതിനെ നഖശിഖാന്തമെതിര്‍ത്തത് സി.ബി.ഐ. തന്നെയായിരുന്നു.
എത്ര ക്രൂരനായ ക്രിമിനലിനും സംശയത്തിന്റെ ആനുകൂല്യം കിട്ടുന്ന ധര്‍മശാസ്ത്രത്തിന്റെ നാട്ടില്‍ രോഗത്തിന് ചികിത്സിക്കാന്‍ അവസരം ലഭിക്കാതെ ലോകപ്രശസ്തനായ ഒരു മലയാളി മരിക്കേണ്ടിവന്ന നിയമദുരന്തമാണ് അന്ന് തിഹാര്‍ ജയിലിലുണ്ടായത്. നീതിവ്യവസ്ഥകള്‍ രാജന്‍പിള്ളയ്ക്ക് കിട്ടിയ ജാമ്യം റദ്ദ് ചെയ്തു അദ്ദേഹത്തെ ജയിലിലടയ്ക്കുകയായിരുന്നു. കേരളം കണ്ട വിവാദ കേസുകളായ മാടത്തരുവി കേസ്, രാജന്‍ കേസ്, രാജന്‍പിള്ള കേസ് തുടങ്ങിയവയോട് ബന്ധപ്പെട്ടവര്‍ക്ക് കാലം നല്‍കിയ തിരിച്ചടികള്‍ ഇനിയെങ്കിലും പഠനവിഷയമാക്കേണ്ടതുണ്ട്. ഈയടുത്തകാലത്ത് കേരള ഹൈക്കോടതിയും എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയും സി.ബി.ഐ.യെ നിശിതമായി വിമര്‍ശിക്കാന്‍ ഇടയായിയിട്ടുണ്ട്.
ഭരണഘടനയും നിയമവ്യവസ്ഥയും പൗരന് ഉറപ്പ് നല്‍കുന്ന സംരക്ഷണം തടയപ്പെടുമ്പോള്‍ ജനങ്ങള്‍ക്ക് നീതി വാങ്ങിക്കൊടുക്കുന്നതിനാണ് കോടതികള്‍ പ്രവര്‍ത്തിക്കുന്നത്. വ്യവസ്ഥാപിത നീതിയുടെ ലംഘനത്തില്‍ ഭരണസംവിധാനങ്ങള്‍ക്കും ഉദ്യോഗസ്ഥര്‍ക്കുമുള്ള പങ്ക് വലുതാണ്. നിയമവ്യവസ്ഥയെ ദുരുപയോഗം ചെയ്യുന്നതില്‍ ഭരണനേതൃത്വങ്ങളും പോലീസും മുന്‍പന്തിയിലാണുള്ളത്. അതുകൊണ്ടാണ് സര്‍ക്കാറിനെതിരെയുള്ള റിട്ട് ഹര്‍ജികളുടെ എണ്ണം ക്രമാതീതമായി പെരുകുന്നത്. നീതിയുടെ മുന്നില്‍ നിറമിഴികളോടെ നില്‍ക്കുന്നവര്‍ക്ക് നീതി ലഭിക്കുമ്പോഴാണ് നമ്മുടെ കുറ്റാന്വേഷണ-നീതി രംഗങ്ങള്‍ വിജയപ്രദമാകുക. ഏത് ഭരണഘടനാസംവിധാനത്തിന്റെയും വിജയം ജനങ്ങളുടെ വിശ്വാസമാര്‍ജിക്കുന്നതിലധിഷ്ഠിതമാണ്. സി.ബി.ഐ. യെപ്പോലുള്ള മികച്ച കുറ്റാന്വേഷണസംവവിധാനങ്ങള്‍ കുറ്റമറ്റതായി പ്രവര്‍ത്തിക്കുന്നു എന്നുറപ്പുവരുത്താന്‍ ബന്ധപ്പെട്ടവര്‍ക്കാവണം. ഇതിനായി സി.ബി.ഐ.യെ പൂര്‍ണമായും സ്വതന്ത്രമാക്കുകയും കാര്യക്ഷമമാക്കുകയും അതില്‍ വിശ്വാസ്യത വീണ്ടെടുക്കുകയും വേണം.
(കേരള ഹൈക്കോടതിയില്‍ സി.ബി.ഐ.യുടെ മുന്‍ കൗണ്‍സലായിരുന്നു ലേഖകന്‍)
No comments:
Post a Comment