Saturday, 15 October 2011

കുടിവെള്ളത്തില്‍ മനുഷ്യവിസര്‍ജ്യം; പത്തു ടാങ്കറുകള്‍ പിടികൂടി

കൊച്ചി/കാക്കനാട്‌: മനുഷ്യവിസര്‍ജ്യത്തിന്റെ അംശം കണ്ടെത്തിയതിനെത്തുടര്‍ന്ന്‌ പത്തു കുടിവെള്ള ടാങ്കറുകള്‍ ആരോഗ്യവകുപ്പ്‌ അധികൃതര്‍ പിടിച്ചെടുത്തു.

ആലുവ പത്തടിപ്പാലത്തുനിന്നു നഗരത്തിലേക്കു കൊണ്ടുവന്ന കുടിവെള്ളമാണ്‌ ജില്ലാ റൂറല്‍ ഹെല്‍ത്ത്‌ ഓഫീസര്‍ പി.എന്‍. ശ്രീനിവാസന്റെ നേതൃത്വത്തിലുള്ള സ്‌ക്വാഡ്‌ പിടിച്ചെടുത്തത്‌.

വാഹനത്തില്‍വച്ച്‌ ചെയ്യാവുന്ന റാപ്പിഡ്‌ ആക്ഷന്‍ ടെസ്‌റ്റിലൂടെയാണ്‌ മാലിന്യംകണ്ടെത്തിയത്‌. ഫോര്‍ട്ട്‌കൊച്ചി ആര്‍.ഡി.ഒയാണു ടാങ്കറുകള്‍ കസ്‌റ്റഡിയിലെടുത്തത്‌. ഇവ ഇന്നു കോടതിയില്‍ ഹാജരാക്കും. ടാങ്കര്‍ വെള്ളത്തില്‍ അപകടകാരിയായ ഇ-കോളി ബാക്‌ടീരിയയുടെ സാന്നിധ്യം വളരെ കൂടുതലാണെന്നു ടെസ്‌റ്റില്‍ വ്യക്‌തമായി. കൂടുതല്‍ പരിശോധനയ്‌ക്കായി സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്‌. മലിനജലം വിതരണം ചെയ്യുന്നതു മൂന്നുമാസത്തെ തടവിനു കാരണമാകുന്ന കുറ്റമാണ്‌.

പത്തടിപ്പാലത്തുള്ള രണ്ടു വീടുകളിലെ കിണറുകളില്‍ നിന്നാണ്‌ വെള്ളം ശേഖരിച്ചിരുന്നത്‌. ഈ കിണറുകള്‍ക്കു സമീപമുള്ള സെപ്‌റ്റിക്‌ ടാങ്കില്‍നിന്നാണ്‌ മാലിന്യം കലര്‍ന്നത്‌. വര്‍ഷങ്ങളായി ഇവിടെ നിന്നുള്ള വെള്ളം കൊച്ചി നഗരത്തില്‍ വിതരണം ചെയ്യുന്നുണ്ട്‌. പകര്‍ച്ചവ്യാധികള്‍ വ്യാപകമായതോടെയാണു പരിശോധന ഊര്‍ജിതമാക്കിയത്‌. തുരുമ്പു പിടിക്കാതിരിക്കാന്‍ ടാങ്കറിനു മുകളില്‍ പൂശേണ്ട എത്തിക്കോട്ടിന്‍ ഇവയ്‌ക്കുള്ളില്‍ ഉണ്ടായിരുന്നില്ല.

കാക്കനാട്‌ കലക്‌ടറേറ്റിലെ കന്റീനില്‍ നടത്തിയ പരിശോധനയില്‍ പഴകിയ ഭക്ഷണസാധനങ്ങളും എണ്ണയും പിടിച്ചെടുത്തു. മലിനജലമാണ്‌ ഇവിടെ ഉപയോഗിച്ചിരുന്നത്‌. തുടര്‍ന്ന്‌ കന്റീന്‍ പൂട്ടാന്‍ നിര്‍ദേശം നല്‍കി. ജില്ലാ കലക്‌ടര്‍ ഉള്‍പ്പെടെയുള്ള ഉദ്യോഗസ്‌ഥര്‍ ഇവിടെ നിന്നാണു ഭക്ഷണം കഴിച്ചിരുന്നത്‌.

വെള്ളത്തില്‍ ബാക്‌റ്റടീരിയ ഉള്ളതായും പലഹാരം ഉണ്ടാക്കുന്ന എണ്ണ ആവര്‍ത്തിച്ച്‌ ഉപയോഗിക്കുന്നതായും കണ്ടെത്തി. വര്‍ഷങ്ങളായി കന്റീന്‍ നടത്തുന്ന കരാറുകാരന്‌ ലൈസന്‍സ്‌ ഇല്ലെന്നും പരിശോധനയ്‌ക്കു നേതൃത്വം നല്‍കിയ ജില്ലാ റൂറല്‍ ഹെല്‍ത്ത്‌ ഓഫീസര്‍ അറിയിച്ചു. കന്റീന്‍ അടച്ചുപൂട്ടിയതിനാല്‍ സിവില്‍ സ്‌റ്റേഷനിലെ ജീവനക്കാര്‍ക്ക്‌ ഇന്നലെ ഉച്ചഭക്ഷണവും വൈകുന്നേരത്തെ ചായയും വിതരണം ചെയ്‌തില്ല.

സിവില്‍ സ്‌റ്റേഷന്‍ പരിസരത്തെ അയോധ്യ, അളകാപുരി ഹോട്ടലുകളും അടപ്പിച്ചു. മലിനജലം ഒഴുകിപ്പോകാന്‍ വേണ്ട സംവിധാനം ഇവിടെ ഉണ്ടായിരുന്നില്ല.

കലക്‌ടറേറ്റ്‌ കന്റീന്‍ ഉള്‍പ്പെടെയുള്ള ഹോട്ടലുകള്‍ക്ക്‌ ലൈസന്‍സും ഇവിടത്തെ തൊഴിലാളികള്‍ക്ക്‌ ഹെല്‍ത്ത്‌ കാര്‍ഡും ഉണ്ടായിരുന്നില്ല. തെരുവു കച്ചവടശാലകളില്‍ നിന്നുള്ള ആഹാരവും വെള്ളവും പരിശോധനയ്‌ക്കായി ശേഖരിച്ചിട്ടുണ്ട്‌.

No comments: