Saturday, 15 October 2011

കുഴല്‍കിണറില്‍നിന്ന്‌ പ്രകൃതിവാതകം! രമേശന്റെ വീട്ടില്‍ പാചകത്തിന്‌ ചെലവില്ല

ആലപ്പുഴ: കുടിവെള്ളത്തിനായി കുഴല്‍കിണറിനു കുഴിയെടുത്തപ്പോള്‍ കണ്ടെത്തിയത്‌ പ്രകൃതിവാതകം. ആലപ്പുഴ നഗരസഭ ആറാട്ടുവഴി വാര്‍ഡില്‍ കാര്‍ത്തികയില്‍ രമേശന്റെ വീട്ടിലായിരുന്നു സംഭവം.

കഴിഞ്ഞ വിജയദശമി ദിനത്തിലാണ്‌ രമേശന്‍ നിലവിലെ ബോര്‍വെലിനു പുറമേ മറ്റൊരു ബോര്‍വെല്‍ താഴ്‌ത്തിയത്‌. സാധാരണ ആറുമീറ്റര്‍ താഴ്‌ത്തുമ്പോള്‍ ജലം ലഭിക്കുമെങ്കിലും ഇത്‌ 16 മീറ്റര്‍ താഴത്തിയെങ്കിലും വെള്ളം കണ്ടുകിട്ടിയില്ല.

ആദ്യദിവസത്തെ പണികഴിഞ്ഞ്‌ അടുത്തദിവസം പണിക്കെത്തിയവര്‍ പൈപ്പിന്‌ സമീപം തീപ്പെട്ടി ഉരച്ചപ്പോള്‍ നീലജ്വാലയുണ്ടായി. ഇതോടെ പൈപ്പില്‍ പ്രകൃതിവാതകമാണെന്ന്‌ സംശയമുയര്‍ന്നു. സാധാരണ ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ ഈ പ്രതിഭാസം ഇല്ലാതാകും.

എന്നാല്‍ ദിവസങ്ങള്‍ കഴിഞ്ഞിട്ടും പൈപ്പിലൂടെ പ്രകൃതിവാതകം ലഭ്യമായതുകൊണ്ട്‌ രമേശന്‍ കട്ടികൂടിയ പൈപ്പ്‌ ഉപയോഗിച്ച്‌ വീടിനുള്ളിലേക്ക്‌ വാതകത്തിന്റെ കണക്ഷന്‍ കൊടുക്കുകയും ഭാര്യ രത്നമ്മ വീട്ടാവശ്യത്തിനായി ഇതു ഉപയോഗിക്കാനും തുടങ്ങി.

ഇപ്പോള്‍ രമേശന്റെ സമീപമുള്ള ബന്ധുവിന്റെ വീട്ടിലും ഈ വാതകം ഉപയോഗിക്കുന്നു.

ഇത്തരത്തില്‍ പ്രകൃതിവാതകമുപയോഗിച്ച്‌ പാചകം നടത്തുന്നത്‌ ആദ്യം അയല്‍ക്കാരെപോലും അറിയിച്ചിരുന്നില്ല. പിന്നീടാണ്‌ വിവരം നഗരസഭാംഗത്തെ അറിയിച്ചതോടെ നാട്ടുകാരും കുഴല്‍ക്കിണറിലെ ഗ്യാസിനേക്കുറിച്ച്‌ അറിയുന്നത്‌. ഇതോടെ കൗതുകത്തോടെ നിരവധിപേരാണ്‌ രമേശന്റെ വീട്ടിലേക്ക്‌ പ്രവഹിക്കുന്നത്‌.

No comments: